
കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദമാകുന്നു. ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രമാണ് കുടമാറ്റത്തിൽ ഉയര്‍ത്തിയത്. നവോത്ഥാന നായകരുടെ ചിത്രങ്ങളടങ്ങിയ കുടകൾ പ്രദർശിപ്പിക്കുന്ന കൂട്ടത്തിലാണ് ഹെഡ്ഗേവാറിന്റെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചത്.
കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിൽ ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനൊപ്പമാണ് ഹെഗ്ഡെ വാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പൂരത്തിന്റെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം.











